Friday, February 3, 2017

soyabean krishi



സോയാബീന്‍ കൃഷിചെയ്യാം:
അടുക്കളത്തോട്ടത്തില്‍ അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭിത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും
ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവര്‍ഗവിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്.
വിത്തും വിതയും
മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. വാരങ്ങള്‍ എടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ തൈകള്‍ തയ്യാറാക്കി ഇരുപത് സെന്റീമീറ്റര്‍ അകലംനല്‍കി തൈകള്‍ നടുകയോ ചെയ്യാം.വിത്തു 25 സെ.മീ വരെ താഴ്ത്തി നടാം. എന്നാല്‍ നടുന്ന സമയത്ത് മണ്ണില്‍ വേണ്ടത്ര നനവുണ്ടെങ്കില്‍ അധികം താഴ്‌ത്തേണ്ടതില്ല. വിത്ത് വരികള്‍ തമ്മില്‍ 10സെ.മീ അകലവും ചെടികള്‍ തമ്മില്‍ 20 സെ.മീ അകലവും നല്‍കണം.
അടിവളമായി ഒരു ചെടിക്ക് രണ്ട് കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം.
മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാല് മാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം.
നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.
സസ്യ സംരക്ഷണം
റൈസക്‌റ്റോണിയ സൊളാനൈ എന്ന കുമിള്‍ വരുത്തുന്ന അഴുകല്‍ രോഗം മാരകമാണ്. മണ്ണില്‍ നനവ് കൂടുന്‌പോഴും ജൈവവളത്തിന്റെ തോത് വര്‍ധിക്കുന്‌പോഴും ആണ് ഈ രോഗം പിടിപെടുക. നല്ല നീര്‍വാര്‍ച്ചാസൗകര്യം നല്‍കി ഈ രോഗം നിയന്ത്രിക്കാം.
കൊളെറ്റോട്രിക്കം ലിന്‍ഡെമുത്തിയാനം എന്ന കുമിളാണ് ആന്ത്രാക്‌സ് രോഗത്തിന് ഇടയാക്കുന്നത്. ഈ കുമിള്‍ ഇലഞരന്പിലും തണ്ടിലും ഒക്കെ കടുത്ത ബ്രൗണ്‍ നിറമുള്ള പുള്ളികള്‍ വീഴ്ത്തുന്നു. പയര്‍ വിത്തിനെയും ഇത് ബാധിക്കാറുണ്ട്. രോഗാധ നിയന്ത്രിക്കാന്‍ രോഗവിമുക്തമായ കൃഷിയിടങ്ങളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക. സൈറം എന്ന കുമിള്‍നാശിനി 0.20.3%വീര്യത്തില്‍ തളിക്കുക.
ഇലകള്‍ നിറം മാറി ചുക്കിച്ചുളിഞ്ഞ് വികൃതമാകുന്നതാണ് മൊസൈക് രോഗത്തിന്റെ ക്ഷണം. രോഗബാധ കാട്ടുന്ന ചെടികള്‍ യഥാസമയം പിഴുതു നശിപ്പിക്കുക.
ഡയാപോര്‍ത്തേ ഫേസിയോലോറം എന്ന പേരായ കുമിളാണ് കായ് അഴുകല്‍ വരുത്തുന്നത്. ഇലകളിലും കായ്കളിലും നിയത രൂപമില്ലാത്ത പുള്ളികളുണ്ടാകുന്നു. വിളകള്‍ മാറ് മാറി കൃഷി ചെയ്യല്‍, രോഗ ബാധയുള്ള ചെടികള്‍ നശിപ്പിച്ച് രോഗ നിയന്ത്രണം നടത്താം .
ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരു ലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയാവിത്ത് വേണ്ടിവരും.
നന്നായി വിളഞ്ഞ് ഉണങ്ങിയ വിത്തുകള്‍ കഴുകി വൃത്തിയാക്കി 8-10 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക.
കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയാ പയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും.
അരച്ചെടുത്ത പയര്‍ ഇടവിട്ടിടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.
കടപ്പാട്:മാതൃഭൂമി( രവീന്ദ്രന്‍ തൊടീക്കളം )
അസ്ഥികളുടെ തേയ്മാനത്തിന് സോയാബീന്‍:
അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിന് സോയാബീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം. ഗവേഷകര്‍ 200 സ്ത്രീകളില്‍ പഠനം നടത്തി. ദിവസേന ഐസോഫ്‌ളോവനടങ്ങിയ 30 ഗ്രാം സോയാബീന്‍ നല്‍കിയായിരുന്നു പഠനം. ആറുമാസത്തിനുശേഷം ഇവരുടെ രക്തമാതൃക പരിശോധിച്ചപ്പോള്‍ സോയ കഴിച്ചവരുടെ രക്തത്തില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്‌സിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇത്തരം ഭക്ഷണം പിന്തുടര്‍ന്നവരുടെ ഹൃദയാരോഗ്യവും മെച്ചമായിരുന്നു.അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം സോയയടങ്ങിയ 'നാറ്റു' എന്ന ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ കലോറിയും കൂടിയ പ്രോട്ടീനുമാണ് നാറ്റുവിന്റെ സവിശേഷത.അസ്ഥികളുടെ ബലക്ഷയം കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ്. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ പകുതിയോളം പേര്‍ക്ക് രോഗം കണ്ടുവരുമ്പോള്‍ ഈ പ്രായത്തിലുള്ള നാലിലൊന്ന് പുരുഷന്മാര്‍ക്കേ രോഗം പിടിപെടുന്നുള്ളൂ. എല്ലിന്റെ സാന്ദ്രതയിലും ബലത്തിലും കുറവുണ്ടാകുന്നതാണ് രോഗത്തിന്റെ പ്രത്യാഘാതം. ഇങ്ങനെ വരുമ്പോള്‍ ചെറിയ വീഴ്ചയില്‍തന്നെ എല്ലുകള്‍ പൊട്ടും.ആര്‍ത്തവവിരാമം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ സ്ത്രീഹോര്‍മോണിലു(ഈസ്ട്രജന്‍)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന് സമാനമായ സസ്യഹോര്‍മോണും (ഐസോഫ്‌ളോവന്‍) അടങ്ങിയഭക്ഷണവും ആര്‍ത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തില്‍നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. സോയയില്‍ ഐസോഫ്‌ളോവന്‍ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം.മതിയായ അളവില്‍ കാത്സ്യവും വിറ്റാമിനും കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് അസ്ഥിക്ഷയം വരാതിരിക്കാന്‍ പിന്തുടരേണ്ട മറ്റുമാര്‍ഗങ്ങള്‍.
sisily abraham

No comments:

Post a Comment