ബീന്‍സ്, ക്യാരറ്റ് എന്നിവയ്ക്കിടയില്‍ ഉള്ളി നടൂ; കീടങ്ങളെ തുരത്താം
പച്ചക്കറി തോട്ടത്തിലെ കീടങ്ങളെ ആകര്‍ഷിക്കുവാനും അവയെ കൊന്നൊടുക്കുവാനും കെണിയൊരുക്കാം. അതിനായി മറ്റൊരു സസ്യത്തെ കൃഷിയിടത്തില്‍ വെച്ചുപിടിപ്പിക്കുകയാണ് കെണി വിളയായി.
ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങളെ കയ്യോടെ നശിപ്പിക്കുവാന്‍ സദാ സന്നദ്ദമായിരിക്കണമെന്നു മാത്രം .വിപുലമായി ജൈവകൃഷി രീതിയില്‍ കെണി വിള ഒരുക്കാം .കീടങ്ങളെ തുരത്തുവാന്‍ കെണി വിളകളെ മാത്രം ആശ്രയിക്കുവാന്‍ പാടില്ല.
ചില കെണിവിളകള്‍
1. പച്ചക്കറിതോട്ടത്തിനു ചുറ്റും ആവണക്ക് നടുക. തണ്ടുതുരപ്പന്‍ പുഴുവിന്റെ ശലഭങ്ങളും വെള്ളീച്ചകളും ആവണക്കിന്റെ ഇലകളിലേക്ക് ആകര്‍ഷിക്കപ്പെടും
2. തക്കാളിക്ക് ചുറ്റും ചോളം നടുക. തക്കാളിയിലെ വൈറസ് പരത്തുന്ന മൊസൈക് രോഗാണു വാഹകര്‍ വെള്ളീച്ചയാണ്. ചോളത്തിലായിരിക്കും വെള്ളീച്ച ആദ്യം വന്നിരിക്കുക. വെള്ളീച്ചയുടെ ആക്രമണത്തില്‍ നിന്നും തക്കാളിയെ രക്ഷിക്കാം .
3. മരച്ചീനിയ്ക്ക് ഇടയില്‍ കൊടുവേലി നടുക
4. ബീന്‍സ് ,കാരറ്റ് എന്നിവക്കിടയില്‍ ഉള്ളി നടുക . രൂക്ഷഗന്ധമുള്ളതിനാല്‍ കീടങ്ങള്‍ അകലും .വെളുത്തുള്ളി നട്ടാലും മതി .
5. പച്ചക്കറി തോട്ടത്തില്‍ അരുത നടുക. മൃദുല ശരീരികളായ ക്ഷുദ്ര പ്രാണികള്‍ അകലും .
6. പാവലിന്റെ അരികില്‍ പീച്ചില്‍ നടുക. പാവലിനെ അക്രമിക്കുന്ന പ്രധാന കീടമാണ് കായീച്ച . പീച്ചില്‍ പന്തലിന് ചുറ്റും ഉണ്ടെങ്കില്‍ പാവലിലെ കായീച്ച ബാധ കുറയും.
7. വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇടയില്‍ ചെണ്ടുമല്ലി നടുക. കായ തുരപ്പന്‍ പുഴുക്കള്‍,നിമാവിര എന്നിവയുടെ ശല്യം കുറയ്ക്കാം .
8. പച്ചക്കറി കൃഷിക്ക് ചുറ്റുമായി കടുക് നടുക. കടുകിനെ ഇലതീനി കീടങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. വന്നെത്തുന്ന കീടങ്ങളെ വിളക്ക് കെണി വെച്ച് ഇല്ലാതാക്കാം
9. ഹ്രസ്വകാല വിളകള്‍ക്കിടയില്‍ തുവര നടുക. മണ്ണിനടിയിലൂടെയുള്ള എലി, പെരുച്ചാഴി ശല്യം കുറക്കാം. കായീച്ചകളെ തുവര എളുപ്പത്തില്‍ ആകര്‍ഷിക്കും .ഈച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കാം
10.വെള്ളരി വര്‍ഗവിളകള്‍ക്കൊപ്പം മുതിര വളര്‍ത്തുക . മുതിരയും ലഭിക്കും .മത്തന്‍ വണ്ടിന്റെ ഉപദ്രവം കുറയുകയും ചെയ്യും.
11. പയറിനോടൊപ്പം കടുക് വളര്‍ത്തുക. കടുകും വിളവെടുക്കാം .പച്ചക്കുതിരയെ നിയന്ത്രിക്കുകയുമാവാം
12. ചേന, ചേമ്പ് എന്നിവയുടെ ചുറ്റിലും മഞ്ഞള്‍ നടുക. തുരപ്പനെലിയുടെ നുഴഞ്ഞുകയറ്റം ലഘൂകരിക്കാം.
പൂര്‍ണ്ണമായും ക്ഷുദ്ര കീടങ്ങളെ കെണിവിളയില്‍ കുരുക്കുവാന്‍ സാധിക്കില്ല. ശാസ്ത്രീയമായി കെണിവിള നട്ടുള്ള പ്രദര്‍ശന തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . മണ്ണിനും പ്രകൃതിക്കും ദോഷകരമല്ലാത്ത പരിസ്ഥിതി സൗഹൃദപരമായ കീടനിയന്ത്രണമാണ് നമുക്കാവശ്യം.
(വിവരങ്ങള്‍ക്ക് കടപ്പാട്: രമേശന്‍ പേരൂല്‍ ,അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്, പെരിങ്ങോം വയക്കര കൃഷിഭവന്‍ .ramesanperool@gmail.com. 9747369672 )
കടപ്പാട്: മാതൃഭൂമി
No comments:
Post a Comment