Thursday, December 1, 2016

terace krishi

വിഷം തിന്നേണ്ട, ടെറസ്സില്‍ കൃഷി ചെയ്യൂ...
ടെറസ്സില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
1. മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
2. കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.
മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.
ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.
3.ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.
4. ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.
5. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.
gladys

No comments:

Post a Comment