Monday, November 28, 2016

koorkka krishi

കൂര്‍ക്ക :
പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.
ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല.
രുചിയേറിയ നല്ല നാടന്‍ കൂര്‍ക്കയിനങ്ങള്‍ ഏറെയുള്ള നാടാണ് കേരളം. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും കൂര്‍ക്കകൃഷിക്ക് യോജിച്ചതാണ്.
ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.
ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്.
ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. നല്ല ഇളക്കവും നീര്‍വാര്‍ച്ചയും വളക്കൂറും അടങ്ങിയ മണ്ണാണ് ഉത്തമം. നാടന്‍ കൂര്‍ക്കയിനങ്ങള്‍ക്കാണ് ഏറെ പ്രിയം.
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്.
കൂര്‍ക്കയുടെ കൃഷി ജൂലായ്മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളില്‍ നടത്തിവരുന്നു. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം.എന്നാല്‍, നടാനുള്ള തലപ്പ്, നേരത്തേ തന്നെ നഴ്‌സറിയില്‍ വിത്തുകിഴങ്ങ് നട്ടാണ് ഉണ്ടാക്കേണ്ടത്കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. 120 മുതല്‍ 140 ദിവസം വരെയാണീയിനത്തിന്റെ വിളദൈര്‍ഘ്യം. 125 മുതല്‍ 150 കിലോഗ്രാം ചാണകപ്പൊടി നഴ്‌സറിയില്‍ ചേര്‍ക്കണം. 30 സെന്റീമീറ്റര്‍ അകലത്തില്‍ തയ്യാറാക്കിയ വാരത്തിലോ കൂനയിലോ 15 സെന്റീമീറ്റര്‍ അകലം നല്‍കി വിത്തുകിഴങ്ങ് നടുകയാണ് വേണ്ടത്. 170 കിലോഗ്രാം മുതല്‍ 200 കിലോഗ്രാം വരെ വിത്തുകിഴങ്ങ് ആവശ്യമാണ്. നഴ്‌സറിയില്‍നിന്ന് മൂന്ന് ആഴ്ച കഴിഞ്ഞാല്‍ തലപ്പ് മുറിച്ച് നടാനെടുക്കാം.
പ്രധാന കൃഷിയിടം 15-20 സെ.മീറ്റര്‍ താഴ്ചയില്‍ ഉഴുതിടണം. ഇതില്‍ 45 സെ.മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കി 30 സെ.മീറ്റര്‍ അകലത്തില്‍ വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടണം.ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി ജൈവ വളങ്ങള്‍ നല്‍കാം .ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.
കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി.കൂര്‍ക്കയുടെ മുഖ്യശത്രു നിമാവിരയാണ്. ഇവയുടെ ശല്യംനിമിത്തം കൂര്‍ക്കയില്‍ 'മന്തുരോഗം' വരുന്നു. നന്നായി നിലം താഴ്ത്തി, ഉഴുത്, വേനലിലിടുന്നതും വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്. കൂര്‍ക്ക നടുന്നതിനുമുമ്പായി 'ശ്രീഭദ്ര' എന്ന മധുരക്കിഴങ്ങിനം മെയ്-ജൂണില്‍ നട്ടശേഷം കൂര്‍ക്ക നട്ടാല്‍ നിമാവിരശല്യം കുറയും. ശ്രീഭദ്രയ്ക്ക് നിമാവിരകളെ നിയന്ത്രിക്കാന്‍ പറ്റും. ഉമി ചേര്‍ക്കുന്നതും കശുമാവില മണ്ണില്‍ ചേര്‍ക്കുന്നതും നിമാവിരശല്യം കുറയ്ക്കും. കൂര്‍ക്കയുടെ വള്ളികള്‍, ഉണങ്ങിത്തുടങ്ങുമ്പോള്‍ ,നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്.
കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്.
കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്‌സീകാരികള്‍ ഇതിലുണ്ട്.
പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍നില്‍ക്കുന്ന കിഴങ്ങുവിളയായ കൂര്‍ക്കയെ ഗ്രോ ബാഗിലും വളര്‍ത്തി നമുക്ക് പ്രിയപ്പെട്ട വിഭവങ്ങള്‍ ഒരുക്കാം .
കടപ്പാട് :മാതൃഭൂമി

No comments:

Post a Comment