Sunday, November 27, 2016

Pipe compost

പൈപ്പ്കമ്പോസ്റ്റ് കൈകാര്യംചെയ്യുമ്പോള്‍

ലളിതവും ചെലവുകുറഞ്ഞതുമായ ഗാര്‍ഹികമാലിന്യ സംസ്കരണ ഉപാധിയാണ് പൈപ്പ് കമ്പോസ്റ്റ്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവാവശിഷ്ടങ്ങള്‍ (ചെറിയ അളവില്‍) സംസ്കരിച്ചച്ചെടുത്ത് വളമാക്കിമാറ്റാന്‍ ഇതുവഴി സാധിക്കും. ഈ രീതി ഇന്ന് പ്രചാരം നേടിവരികയാണ്.
എന്നാല്‍ ഇവ കൈകാര്യംചെയ്യുന്ന രീതിയിലെ പോരായ്മകള്‍ കാരണം പൈപ്പ്കമ്പോസ്റ്റ് ഫലപ്രദമാകുന്നില്ലെന്ന അഭിപ്രായം ചിലരില്‍നിന്നൊക്കെ ഉയരുന്നുണ്ട്. ശ്രദ്ധിച്ച് കൃത്യതയോടെ ഉപയോഗിച്ചാല്‍ നല്ലരീതിയില്‍തന്നെ പ്രയോജനപ്പെടുത്താനാവും.
രണ്ട് പിവിസി പൈപ്പാണ് വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുള്ളതും 1-3 മീറ്റര്‍ നീളവും വേണം. ഇവയ്ക്ക് ഓരോ അടപ്പും ഉണ്ടാവണം. അടുക്കളഭാഗത്ത് വെള്ളക്കെട്ടോ വെയിലോ ഇല്ലാത്തിടത്ത് ഇത് സ്ഥാപിക്കണം. മണ്ണില്‍ 30 സെ. മീ. (ഒരടി) താഴ്ചയില്‍ പൈപ്പ് കുത്തനെ താഴ്ത്തിനിര്‍ത്തുക. മണ്ണില്‍ താഴ്ന്നുനില്‍ക്കുന്ന ഭാഗത്തെ പൈപ്പില്‍ മൂന്നോ നാലോ ദ്വാരമുണ്ടാക്കിയാല്‍ അധികമായി അകത്ത് ജലം ഊറുന്നത് ഇല്ലാതാക്കാം. ഇതിനകത്ത് ജൈവവസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുമുമ്പായി, ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രം പച്ചച്ചാണകവും 200 ഗ്രാം വെല്ലവും (പൊടിച്ചത്) കലര്‍ത്തിയ ലായനി ഒഴിച്ചുകൊടുക്കുക. ഇതിനു മുകളില്‍ ജൈവവസ്തുക്കള്‍ ചെറുതായി അരിഞ്ഞിടണം. മാംസം , മസാല കലര്‍ന്നവ, ചെറുനാരങ്ങ ചേര്‍ത്തവ തുടങ്ങിയവ ഒഴിവാക്കുക. ഈര്‍പ്പം അധികമാകാതിരിക്കാനും തീരെ കുറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടിയാല്‍ ദുര്‍ഗന്ധം വമിക്കും. കുറഞ്ഞാല്‍ അഴുകല്‍പ്രക്രിയ നടക്കാന്‍ വൈകും. ഒരുദിവസം ഒരു കി.ഗ്രാം മാത്രമേ ജൈവവളം നിക്ഷേപിക്കാവൂ.
ആഴ്ചയില്‍ ഒരുതവണ പച്ചച്ചാണകം നേര്‍പ്പിച്ച ലായനിയോ, വെല്ലം ലയിപ്പിച്ച ലായനിയോ, അല്ലെങ്കില്‍ പുളിയുള്ള മോരോ ഏതെങ്കിലും ഒന്ന് അല്‍പ്പം മാത്രം കുടഞ്ഞ് ഈര്‍പ്പം ഉറപ്പുവരുത്താം. ഇവ അഴുകല്‍പ്രക്രിയക്ക് സഹായകവുമാണ്. കൂടുതല്‍ ഒഴിച്ച് കുഴമ്പുപരുവത്തിലാക്കി അബദ്ധംചെയ്ത നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട് എന്നത് ഓര്‍മപ്പെടുത്തുന്നു. പൈപ്പിനുമുകളില്‍ അടപ്പുവേണം. ഈച്ചവന്നിരുന്ന് പുഴുക്കളുണ്ടാകാതിരിക്കാനാണ് അടപ്പ് നിര്‍ബന്ധമാക്കുന്നത്. പൈപ്പിനകത്ത് അവശിഷ്ടങ്ങള്‍ അട്ടിയായിക്കിടന്ന് വായുസഞ്ചാരമില്ലാത്ത സാഹചര്യം ദൂഷ്യംചെയ്യും. അതുകൊണ്ട് ആഴ്ചയില്‍ ഒരുതവണ ചെറിയ കമ്പുകൊണ്ടോ മറ്റോ ഇളക്കിക്കൊടുക്കാനും ശ്രദ്ധിക്കുക. സാധാരണരീതിയില്‍ ഒന്നോ ഒന്നരയോ മാസംകൊണ്ട് പൈപ്പ് നിറയും. ഒരുമാസംകൂടി അടച്ചുവച്ചാല്‍ ഇത് കമ്പോസ്റ്റായി മാറും. ആദ്യ പൈപ്പ് നിറഞ്ഞാല്‍ രണ്ടാമത്തെ പൈപ്പ് സ്ഥാപിക്കാം. ഇങ്ങനെ ആവര്‍ത്തിക്കാം.
പ്ളാസ്റ്റിക് ഖരമാലിന്യങ്ങളും അഴുകാന്‍ ഏറെ താമസിക്കുന്ന വസ്തുക്കളും ഇതില്‍ നിക്ഷേപിക്കരുത്. അടുക്കളമാലിന്യ സംസ്കരണത്തിന് ഉത്തമമാര്‍ഗമാണ് പൈപ്പ് കമ്പോസ്റ്റ്. 1200-1500 രൂപയ്ക്കകം ഇത് സാധിക്കും.
മലപ്പട്ടം പ്രഭാകരന്‍
കടപ്പാട് : ദേശാഭിമാനി

No comments:

Post a Comment