സവാളകൃഷിക്ക് സമയമായി
സവാള കൃഷിക്ക് അനുയോജ്യമായ സമയമാണിത്. വീട്ടുവളപ്പിലെ കൃഷിയില്‍ വിളവെടുത്ത സവാള ഇലയും ഭക്ഷ്യയോഗ്യമാണ്. സവാളയുടെ കൃഷിരീതി പരിചയപ്പെടൂ.
കേരളത്തിലെ സമതലപ്രദേശങ്ങളില്‍ സാമാന്യം തണുപ്പുകൂടിയ നവംബര്‍ മാസം മുതലുള്ള 3-4 മാസക്കാലമാണ് സവാളകൃഷിക്ക് അനുയോജ്യം. മഴയില്‍ നിന്ന് സംരക്ഷണം നല്‍കി തയ്യാറാക്കിയ ഒന്നരമാസം പ്രായമായ തൈകളാണ് ഇപ്പോള്‍ നടേണ്ടത്.
പ്രധാന കൃഷിയിടത്തില്‍ നവംബര്‍-ഡിസംബര്‍ മാസത്തില്‍ ലഭിക്കുന്ന ചെറുമഴ കൃഷിയെ ബാധിക്കാറില്ല. എന്നാല്‍ തൈ ഉത്പാദനത്തിന് നേരിട്ടുള്ള മഴ നല്ലതല്ല. നല്ല സൂര്യപ്രകാശവും വേണം.മഴമറയാണ് തൈ ഉത്പാദനത്തിന് ഉത്തമം. 6-8 ആഴ്ച പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തില്‍ നടാം.
കൃഷിരീതി
പൂര്‍ണമായും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം തൈകള്‍ നടാന്‍. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണും കളശല്യം കുറഞ്ഞ പ്രദേശവുമാണ് അനുയോജ്യം. കേരളത്തില്‍ തീരപ്രദേശങ്ങളിലും മണല്‍പ്രദേശങ്ങളിലും മലനാട്ടിലും ഇടനാട്ടിലും സവാള നട്ടുവളര്‍ത്താമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രധാന കൃഷിയിടം നന്നായി കിളച്ച് കട്ട ഉടച്ച് പൊടിയാക്കിയ തടങ്ങളില്‍ കുമ്മായം ചേര്‍ത്തിളക്കണം. ഒരു സെന്റിന് 2 കി.ഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ക്കാം. ഒരാഴ്ചയ്ക്കു ശേഷം ചാണകപ്പൊടിയോ, കോഴിക്കാഷ്ടമോ, മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി കൊടുക്കാം. ഒരു സെന്റിന് 80-100 കി.ഗ്രാം എന്ന തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കാം.
നനയ്ക്കാനുള്ള സൗകര്യം കണക്കിലെടുത്ത് മൂന്നടി വീതിയും പത്തടി നീളവും അര അടി ഉയരവുമുള്ള ചെറുതടങ്ങള്‍ എടുക്കണം. ഈ തടങ്ങളില്‍ വെള്ളം നില്‍ക്കാന്‍ പാകത്തില്‍ ചെറുകൈവരമ്പുകള്‍ പിടിപ്പിക്കാം. ഇതില്‍ ഒരു ചാണ്‍ (20 സെ.മീ x 10 സെ.മീ ) അകലത്തില്‍ തൈകള്‍ നടാം. അതായത് ഓരോ തടത്തിലും അഞ്ചുവരി തൈകള്‍ ഉണ്ടാകും.
ചെടികളുടെ മേല്‍നോട്ടത്തിനും തടങ്ങളിലെ കളനിയന്ത്രണം,നന,വളപ്രയോഗം എന്നീ പരിചരണങ്ങള്‍ എളുപ്പമാക്കാന്‍ തടങ്ങള്‍ തമ്മില്‍ ഒന്നരയടി അകലം നല്‍കാം.
കള നിയന്ത്രണം
സവാള കൃഷിയില്‍ ഏറ്റവും ശ്രമകരമായ പ്രവൃത്തി കളനിയന്ത്രണമാണ്. ചെലവു ചുരുങ്ങിയ കളനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമായാല്‍ സവാള കൃഷി വിപുലമായ തോതില്‍ ഏറ്റെടുക്കാം. സവാളയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കുഴല്‍പോലുള്ള അഞ്ചാറിലകള്‍ മാത്രമേ കാണാറുള്ളു. അതിനാല്‍ തന്നെ വിളവെടുപ്പുവരെ കളശല്യം പ്രതീക്ഷിക്കാം. കളകള്‍ വലിച്ചു കളയുമ്പോള്‍ ചെടികള്‍ക്ക് ഇളക്കം തട്ടരുത്.
വളപ്രയോഗം
തൈകള്‍ നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ നീക്കം ചെയ്യണം. ഈ സമയത്ത് ആദ്യ വളപ്രയോഗം നടത്താം. മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ ധാരാളം വേണം. സെന്റൊന്നിന് 400 ഗ്രാം ഫാക്ടംഫോസും 200 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും വീതം മൂന്നു തവ നല്‍കണം. ഓരോ തവണ വളപ്രയോഗത്തിനു മുമ്പ് കള മാറ്റുകയും പ്രയോഗത്തിന് ശേഷം പൊടിമണ്ണ് കയറ്റിക്കൊടുക്കുകയും വേണം. എന്നാല്‍ മണ്ണ് കൂടുതല്‍ കനത്തില്‍ ഇട്ടുകൊടുക്കുന്നത് വിളവ് കുറയ്ക്കും.
ജൈവകൃഷി
സമൃദ്ധിയായി ജൈവവളം നല്‍കിയും സവാള കൃഷി ചെയ്യാം. ഇതിന് ആഴ്ചയിലൊരിക്കല്‍ ജൈവപോഷകലായനികള്‍ ഒഴിച്ചുകൊടുക്കാം. രണ്ടാഴ്ച ഇടവിട്ട് കളകള്‍ നീക്കം ചെയ്ത് ഖരരൂപത്തിലുള്ള ജൈവവളങ്ങളും ചേര്‍ക്കാം.
ഏതുതന്നെയായാലും ഇലയില്‍ തളിക്കുന്ന വളക്കൂട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ നല്‍കുന്നത് വിളവ് വര്‍ദ്ധിപ്പിക്കും.ഇതിന് 19:19:19 വളക്കൂട്ട് 1-2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കാം. ചെടിയുടെ വലുപ്പമനുസരിച്ച് വളത്തിന്റെ അളവ് കൂട്ടിക്കൊടുക്കാം.
മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍,ബോറോണ്‍ തുടങ്ങിയ മൂലകങ്ങള്‍ സവാളയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇവ അടങ്ങിയ സൂക്ഷ്മ വളക്കൂട്ടുകള്‍ മണ്ണില്‍ ഇട്ടുകൊടുക്കുന്നതും ഇലയില്‍ തളിക്കുന്നതും നല്ലതാണ്.
ഇനങ്ങള്‍
കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കേരളത്തിലെ സമതലങ്ങളില്‍ അനുയോജ്യമായ ഒട്ടേറെ ഇനങ്ങളുണ്ട്. കടും ചുവപ്പുനിറത്തിലുള്ള അര്‍ക്ക കല്യാണ്‍, തീരെ നിറം കുറഞ്ഞ അര്‍ക്ക പ്രഗതി, അഗ്രിഫൗണ്ട് ലൈറ്റ് റെഡ്,വെള്ളനിറത്തിലുള്ള അഗ്രിഫൗണ്ട് വൈറ്റ് എന്നിവ അനുയോജ്യ ഇനങ്ങളാണ്.
വിളവെടുപ്പ്
നമ്മുടെ നാട്ടിലെ പുതിയ വിളയായതുകൊണ്ടുതന്നെ കാര്യമായ രോഗങ്ങളോ കീടങ്ങളോ ഇപ്പോള്‍ കണ്ടുവരില്ല. നന കൂടുതലായാല്‍ അഴുകല്‍ രോഗം വരുന്നതായി കാണാറുണ്ട്.
തൈകള്‍ നട്ട് 3 മുതല്‍ മൂന്നര മാസത്തില്‍ വിളവെടുപ്പിന് തയ്യാറാകും. 70-80 ശതമാനം തൈകളില്‍ മാത്രമേ വലുപ്പമുള്ള വില്‍പ്പനയ്ക്കനുയോജ്യമായ സവാള ഉണ്ടാകാറുള്ളു. വിളവെടുപ്പ് അടുക്കുന്നതോടുകൂടി സവാള മണ്ണിനു മുകളില്‍ കണ്ടുതുടങ്ങും. ഇലകള്‍ ഉണങ്ങി തുടങ്ങും. വിളവെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ നന കുറയ്ക്കണം. വിളവെടുപ്പിന് മൂന്നു ദിവസം മുമ്പ് നന പൂര്‍ണമായും നിര്‍ത്തിവയ്ക്കണം.
വിളവെടുക്കാന്‍ ഓരോ ചെടിയും കൈകൊണ്ട് വലിച്ചെടുക്കയേ വേണ്ടു. അതിനു ശേഷം ഇലയോടുകൂടി അല്പം തണലുള്ള ഇടങ്ങളില്‍ കൂട്ടിയിടാം. നാലോ അഞ്ചോ ദിവസത്തിനു ശേഷം സവാളയോടു ചേര്‍ന്ന് ഒരു സെന്റീമീറ്റര്‍ മുകളിലായി ഇലകള്‍ മുറിച്ച് കളഞ്ഞ് ഇളം വെയിലില്‍ ഉണക്കിയെടുത്ത് സംഭരിച്ച് വയ്ക്കാം.
NB; വീടിലെ ആവശ്യത്തിനു ജൈവ രീതിയില്‍ തന്നെ ചെയ്യാന്‍ ശ്രമിക്കൂ .
(കടപ്പാട്: കേരള കര്‍ഷകന്‍)മാതൃഭൂമി
No comments:
Post a Comment