ഇലവര്‍ഗ്ഗ പച്ചക്കറികള്‍ എങ്ങനെ കൃഷി ചെയ്യാം?
ജൈവകൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃഷിമുറയാണ് കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക എന്നത്.
ചീര
അനുയോജ്യമായ കാലം-എല്ലാകാലത്തും കൃഷി ചെയ്യാം
ഇനങ്ങള്‍
അരുണ്‍- അത്യുത്പാദനശേഷിയുള്ള ചുവന്ന ചീരയിനം
മോഹിനി- പച്ചനിറമുള്ള ഇലകള്‍
കൃഷിശ്രീ- ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ള ഈ ഇനത്തിന് ഇലപ്പുള്ളി രോഗം താരതമ്യേന കുറവാണ്
രേണുശ്രീ- പച്ച ഇലകളും ചുവന്ന തണ്ടും ഈ ഇനത്തിന്റെ പ്രത്യേകതയാണ്
സി.ഒ 1- പച്ചനിറമുള്ള ഇനമാണ്
കണ്ണാറ നാടന്‍- ചുവപ്പു നിറമുള്ള ഇലകള്‍. ഈ ഇനം നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് ക്രമീകരിക്കണം.
വിത്തിന്റെ തോത് / നടീല്‍ രീതി
ഒരു സെന്റിന് 8 ഗ്രാം വിത്ത് വേണ്ടി വരും
നേരിട്ട് വിതയും പറിച്ച് നടീലും
നഴ്‌സറി (തവാരണ)
വിത്ത് പാകുന്നതിന് മുന്‍പ് നഴ്‌സറി തടങ്ങള്‍ സൂര്യതാപീകരണത്തിനു വിധേയമാക്കിയാല്‍ മണ്ണില്‍ നിന്നും ഉണ്ടാകുന്ന പല രോഗങ്ങളും തടയാവുന്നതാണ്. വിത്തു പരിചരണത്തിനായി 1 ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലര്‍ത്തുക.
നഴ്‌സറി രോഗങ്ങളെ തടയുന്നതിനായി ഒരു ചതുരശ്രമീറ്ററിനു ട്രൈക്കോഡര്‍മ സമ്പുഷ്ട കാലിവളം 10 കിലോഗ്രാം, പി.ജി.പി ആര്‍ മിശ്രിതം-2 എന്ന തോതില്‍ നല്‍കുക
നഴ്‌സറി രോഗങ്ങളെ തടയുന്നതിനായി ഒരു ചതുരശ്രമീറ്ററിനു ട്രൈക്കോഡര്‍മ സമ്പുഷ്ട കാലിവളം 10 കിലോഗ്രാം, പി.ജി.പി ആര്‍ മിശ്രിതം-2 എന്ന തോതില്‍ നല്‍കുക
കൃഷിസ്ഥലം ഒരുക്കലും നടീലും
കൃഷി സ്ഥലം കിളച്ചു നിരപ്പാക്കിയ ശേഷം 30-35 സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ (30 സെ.മീ) എടുക്കുക. സെന്റിനു 100 കി.ഗ്രാം ട്രൈക്കോഡെര്‍മ സമ്പുഷ്ട ചാണകം ചാലുകളില്‍ അടിവളമായി മണ്ണുമായി ഇളക്കി ചേര്‍ക്കുക.
ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ സ്യൂഡോമോണസ് ലായനിയില്‍ (20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്)വേരുകള്‍ 20 മിനുട്ട് മുക്കിയതിനു ശേഷം 20 സെ.മീ അകലത്തില്‍ നടുക.
മഴക്കാലത്ത് ചാലുകള്‍ക്ക് പകരം തടങ്ങള്‍ എടുത്ത് നടുന്നതാണുത്തമം. ഒരു സെന്റില്‍ 657 ചെടികള്‍ നടാവുന്നതാണ്. മേല്‍വളമായി 8-10 ദിവസത്തെ ഇടവേളയില്‍ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേര്‍ക്കേണ്ടതാണ്
ചാണകപ്പാല്‍/ ബയോഗ്യാസ് സ്‌ളറി (200 ഗ്രാം), 4 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്തത്/ ഗോമൂത്രം/വെര്‍മി വാഷ് (200 മി.ലി), 8 ഇരട്ടി വെള്ളവുമായി ചേര്‍ത്തത് , 4 കിലോ വെര്‍മി കമ്പോസ്റ്റ്/കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം) 4 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തത്.
ഓരോ വിളവെടുപ്പ് കഴിയുന്തോറും നേര്‍പ്പിച്ച വെര്‍മിവാഷ് തളിച്ചുകൊടുക്കേണ്ടതാണ്
മറ്റുപരിപാലന മുറകള്‍
മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിന് നനച്ചു കൊടുക്കണം. പുതയിട്ടുകൊടുക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് രണ്ടുദിവസം ഇടവിട്ടെങ്കിലും നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.
സസ്യ സംരക്ഷണം
വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ ചീരയെ ആക്രമിക്കുന്നു
1. കൂടുകെട്ടിപ്പുഴുക്കള്‍ - ഇലകള്‍ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു
2. ഇലതീനിപ്പുഴുക്കള്‍- ഇലകള്‍ തിന്നു നശിപ്പിക്കുന്നു
നിയന്ത്രണ മാര്‍ഗങ്ങള്‍
പുഴുക്കളോടുകൂടി ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടുതുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരുസത്ത് 5 % തളിക്കണം. ജീവാണുകീടനാശിനിയായ ഡൈപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ പെരുവലത്തിന്റെ 4 % ഇലച്ചാര്‍ സോപ്പുവെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യുക
രോഗങ്ങള്‍- ഇലപ്പുള്ളി രോഗം
ചീരയുടെ ഇലകളില്‍ അടിവശത്തും മുകള്‍പ്പരപ്പിലും ഒരു പോലെ പുള്ളികള്‍ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
നിയന്ത്രണ മാര്‍ഗങ്ങള്‍
സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ച് രോഗം നിയന്ത്രിക്കേണ്ടതാണ്. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള സി.ഒ 1 എന്നയിനം സ്യൂഡോമോണാസ് കള്‍ച്ചര്‍ ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക.
ട്രൈക്കോഡെര്‍മ-വേപ്പിന്‍ പിണ്ണാക്ക് സമ്പുഷ്ട ചാണകം മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. 1 കിലോ പച്ച ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി നിശ്ചിത കാലയളവില്‍ തളിച്ചു കൊടുക്കുക. ചീര നനയ്ക്കുമ്പോള്‍ വെള്ളം ഇലയുടെ മുകളില്‍ക്കൂടി ഒഴിക്കാതെ ചുവട്ടില്‍ ഒഴിക്കുക. 1 ഗ്രാം അപ്പക്കാരം ,4 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒരു ലിറ്റര്‍ പാല്‍ക്കായ ലായനിയില്‍ (4 ഗ്രാം/ ലിറ്റര്‍) ചേര്‍ത്ത് ഇലയുടെ രണ്ടു വശത്തും തളിക്കണം.
sisily harithakeralam
No comments:
Post a Comment