വരുന്നതു കടുത്ത വേനൽ; നേരിടാം; നേടാം
വേനൽ ശക്തമാകുന്നതിനു മുൻപുതന്നെ കേരളത്തിൽ വരൾച്ചയുടെ തുടക്കമായി. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്ന ആശങ്കയാണ് കർഷകർക്ക്. ഉള്ള വെള്ളം ശാസ്ത്രീയമായി വിനിയോഗിച്ചും കൃഷിയിടത്തിൽ ബാഷ്പീകരണം തടഞ്ഞും ചെടികൾ വാടാതെ കൃഷി ചെയ്യാൻ കഴിയും. അതിനു സഹായിക്കുന്ന പരമ്പരാഗത മാർഗങ്ങളും കർഷകർ അവലംബിക്കുന്ന ചില പുതു രീതികളും പരിചയപ്പെടാം.
തിരിനന
വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് സെന്റർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) വികസിപ്പിച്ചെടുത്ത തിരിനന രീതി. അൽപം ചെലവു വരുമെങ്കിലും വെള്ളം കുറച്ചു മതി ഈ രീതിക്ക്.
ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ അടിവശത്തുള്ള ദ്വാരത്തിലൂടെ വെള്ളം പാഴാകുന്നതു പതിവാണ്. എന്നാൽ തിരിനന രീതിയിലേക്കു മാറിയാൽ ചെടിക്ക് ആവശ്യമുള്ള വെള്ളം മാത്രമേ ചെലവാകൂ. ഗ്ലാസ് വൂൾ എന്ന തിരിയും മൂന്ന് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പുമാണ് ഇതിനു വേണ്ടത്. ഗ്ലാസ് വൂൾ കടകളിൽ വാങ്ങാൻ കിട്ടും.
മണ്ണെണ്ണ വിളക്കിന്റെ പ്രവർത്തന രീതിയാണ് ഇതിന്. ഗ്രോ ബാഗിൽ മണ്ണ് നിറയ്ക്കുമ്പോൾ തന്നെ അടിഭാഗത്തെ ദ്വാരത്തിൽ ഗ്ലാസ് വൂൾ പുറത്തേക്കു വയ്ക്കുന്നു. രണ്ട് ഇഞ്ചാണ് ഗ്ലാസ് വൂൾ പുറത്തേക്കു വേണ്ടത്.
രണ്ട് ഇഷ്ടിക സമാന്തരമായി വച്ച് അതിനു മുകളിലാണ് ഗ്രോബാഗ് വയ്ക്കേണ്ടത്. ഇഷ്ടികകളുടെ നടുവിലൂടെ പിവിസി പൈപ്പ് വയ്ക്കും. ഗ്രോബാഗിൽ നിന്നു പുറത്തേക്കു നിൽക്കുന്ന ഗ്ലാസ് വൂൾ ചെറു സുഷിരത്തിലൂടെ പൈപ്പിലേക്കു വയ്ക്കും. പൈപ്പിന്റെ രണ്ട് ഭാഗവും അടച്ച് അതിൽ വെള്ളം നിറയ്ക്കും. അതോടെ തിരി നനയും. വെള്ളം തിരിയിലൂടെ മുകളിലേക്കു കയറി മണ്ണിലെത്തും. മണ്ണ് എപ്പോഴും നനഞ്ഞുനിൽക്കുന്നതിനാൽ ചെടികൾ വാടാതെ നിൽക്കും. ആഴ്ചയിൽ ഒരിക്കൽ പൈപ്പിൽ വെള്ളം നിറച്ചാൽ മതിയാകും.
പൈപ്പിനു പകരം ഒഴിവാക്കുന്ന കുപ്പികളോ പ്ലാസ്റ്റിക് കാനുകളോ ഉപയോഗിച്ചും തിരിനന ചെയ്യാം. കുപ്പി മൂടിയശേഷം മുകൾഭാഗത്ത് രണ്ടു ദ്വാരമിടുക. ഒന്നിലൂടെ വെള്ളം നിറയ്ക്കാനും മറ്റൊന്നിൽ ഗ്ലാസ് വൂൾ കയറ്റാനും.
കുളം
പാഴായ കുളങ്ങൾ ശ്രമദാനത്തിലൂടെ ശുചിയാക്കിയാൽ അതിലെ വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കാം.
കൂന കൂട്ടാം
കൃഷിയിടങ്ങളിലെ മണ്ണിൽ കൂന കൂട്ടുന്ന പരമ്പരാഗത രീതി വളരെ ഫലപ്രദമാണ്. കൂനകൂട്ടുന്നതിലൂടെ മണ്ണിലെ സുഷിരങ്ങൾ മുറിക്കാനും ഭൂമിക്കടിയിലെ വെള്ളം മുകളിലേക്കു വന്നു ബാഷ്പീകരിച്ചു പോകുന്നതു തടയാനും കഴിയും. വേനൽക്കാലത്തിനു മുൻപാണു കൂനകൾ കൂട്ടേണ്ടത്. മഴക്കാലം തുടങ്ങുമ്പോൾ കൂനകൾ നികത്തി മഴയെ ആഗിരണം ചെയ്യാൻ മണ്ണിനെ സജ്ജമാക്കണം.
ജൈവ മാർഗം
ചൂടിനെ പ്രതിരോധിക്കുന്നതിനായി കൃഷിയിടങ്ങളിൽ ചിന്തേരു പൊടി, അറക്കപ്പൊടി എന്നിവ വിതറാം. ഇതിലൂടെ മണ്ണിലെ ചൂടു കുറയ്ക്കാനും മണ്ണിലെ ബാഷ്പീകരണം നിയന്ത്രിച്ച്, ഈർപ്പം നിലനിർത്താനും കഴിയും. പരമാവധി ജൈവാംശം മണ്ണിലേക്ക് നൽകുന്ന രീതിയാണ് ഇനിയുള്ള കാലഘട്ടത്തിൽ കൃഷിക്ക് ഏറ്റവും അനിവാര്യം.
ഔഷധക്കൂട്ട്
15 കിലോഗ്രാം പച്ചച്ചാണകം, ഒരു കിലോഗ്രാം ശർക്കര, രണ്ടു ലീറ്റർ കഞ്ഞിവെള്ളം എന്നിവ നൈലോൺ സഞ്ചിയിൽ കിഴികെട്ടി 100 ലീറ്റർ ശേഷിയുള്ള ബാരലിൽ താഴ്‌ത്തിവയ്‌ക്കുക. ബാരലിൽ മുക്കാൽ ഭാഗം മാത്രമേ വെള്ളം പാടുള്ളൂ. രണ്ടുദിവസം ഇങ്ങനെ സൂക്ഷിക്കുക. രണ്ടു ദിവസത്തിനു ശേഷം ബാരലിലേക്ക് ഊറിവരുന്ന ദ്രാവകം ഒരു ലീറ്റർ സമം പത്തു ലീറ്റർ വെള്ളത്തിൽ ചേർത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുക. വരൾച്ചയെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമാണിത്.
മിത്ര ബാക്ടീരിയ
മിത്ര ബാക്‌ടീരിയയെ ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാനുള്ള പുതിയ സാങ്കേതികവിദ്യ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പിപിഎഫ്‌എം എന്ന മിത്ര ബാക്‌ടീരിയയെക്കൊണ്ടു തയാറാക്കിയ ജീവാണു ലായനിയാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. കായ്‌ക്കാറാകുമ്പോഴാണ് പച്ചക്കറിക്ക് ഈ ലായനി തളിച്ചുകൊടുക്കേണ്ടത്. അതിരാവിലെയോ വൈകിട്ടോ ആണു തളിക്കേണ്ടത്. കൃഷിഭവനുകൾ വഴി പിപിഎഫ്എം ലഭിക്കും. പാലക്കാടും മലപ്പുറത്തുമെല്ലാം ഇതിന്റെ ഉപയോഗം വൻ വിജയമായിരുന്നു. നെൽവയലുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പിപിഎഫ്എം ഉപയോഗിച്ചത്.
തടയണ
കൃഷിയിടങ്ങൾക്കടുത്തുള്ള തോടുകൾ, അരുവികൾ, പുഴകൾ എന്നിവിടങ്ങളിൽ തടയണ കെട്ടിയാൽ വൻതോതിലുള്ള കൃഷിക്ക് ആവശ്യമുള്ള വെള്ളം കണ്ടെത്താം. തടയണ കെട്ടുന്നതിനു സമീപത്തുള്ള കിണറുകളിലെല്ലാം ഇതോടെ വെള്ളത്തിന്റെ അളവ് ഉയരുന്നതു കാണാം.
പുതയിടൽ
പച്ചക്കറിത്തടത്തിലെ ബാഷ്പീകരണം തടയാൻ ഏറ്റവും നല്ല മാർഗമാണ് പുതയിടൽ. ഇതുവഴി 85 ശതമാനം ബാഷ്പീകരണം തടയാൻ സാധിക്കും. ഉണങ്ങിയ പുല്ല്, ഇലകൾ എന്നിവകൊണ്ടാണ് പുതയിടുന്നത്.
വേനലിൽ തടമെടുത്താണല്ലോ കൃഷി ചെയ്യുക. തടമാകുമ്പോൾ വെള്ളം പുറത്തേക്കൊഴുകി നഷ്‌ടമാകില്ല. തടമാകെ മൂടുന്ന രീതിയിൽ വേണം പുതയിടാൻ. ഉണങ്ങിയ പുല്ലും ഇലകളും ഒരിക്കലും ചൂടിനെ ആഗിരണം ചെയ്യില്ല. അതുകൊണ്ടു തന്നെ തടത്തിലെ വെള്ളം ഒരിക്കലും നഷ്‌ടമാകില്ല.
വൈകുന്നേരം നനയ്‌ക്കുന്നതാണ് ബാഷ്‌പീകരണം കുറയ്‌ക്കാൻ പറ്റിയ മാർഗം. അഞ്ചുമണിക്കു ശേഷം നനച്ചാൽ അടുത്ത ദിവസം ഉച്ചവരെ കൃഷിയിടത്തിൽ നനവുണ്ടാകും. ഏകദേശം 19 മണിക്കൂർ കൃഷിക്ക് വെള്ളം ലഭിച്ചുകൊണ്ടിരിക്കും. രാവിലെയാണു നനയ്‌ക്കുന്നതെങ്കിൽ കൊടുംചൂടിൽ ഉച്ചയോടെ കൃഷിയിടത്തിലെ വെള്ളമെല്ലാം ബാഷ്‌പമായി നഷ്‌ടപ്പെട്ടിട്ടുണ്ടാകും.
മണ്ണ് ഒരുക്കുമ്പോൾത്തന്നെ ചകിരി കമ്പോസ്റ്റ് ചേർക്കുന്നത് വെള്ളം ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ്. വെറും മണ്ണാകുമ്പോൾ വെള്ളം ബാഷ്‌പമായിപ്പോകാൻ സാധ്യത കൂടുതലാണ്. എന്നാൽ 30 ശതമാനം ചകിരി കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് വെള്ളത്തെ നിലനിർത്താൻ സഹായിക്കും.
ചരിവുള്ള സ്ഥലത്തും കുന്നിൻപുറങ്ങളിലും കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ സാധ്യതയേറെയാണ്. തട്ടുതട്ടുകളായി കൃഷി ചെയ്യുന്നയിടങ്ങളിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇത് തടയാൻ കൃഷിയിടങ്ങളിൽ മഴക്കുഴികൾ നിർമിച്ച് പുതയിടണം. പൊഴിഞ്ഞ ഇലകളും ചെടികളുടെ വേരുകളും കൊണ്ടു പുതയിടുന്നതാണ് ഉചിതം.
അടുക്കളയിൽ നിന്ന്...
അടുക്കളയിൽ പാത്രം കഴുകുന്ന വെള്ളം ഒരു പ്ലാസ്റ്റിക് ബക്കറ്റിലേക്ക് ഒഴുക്കിവിടുക. ഒപ്പം പച്ചക്കറികളും മീനും ഇറച്ചിയും മറ്റും കഴുകുന്ന വെള്ളവും ഒഴുക്കി കളയാതെ ഇത്തരത്തിൽ ശേഖരിക്കാം. ഇതുപയോഗിച്ച് ചെടികൾ നനച്ചാൽ വളവുമാവും ജലക്ഷാമത്തെ നേരിടുകയുമാവാം.
പ്ലാസ്റ്റിക് പുതപ്പും ഇൻജക്ഷനും!
വരൾച്ചയെ നേരിടാൻ പരമ്പരാഗത മാർഗങ്ങൾക്കൊപ്പം ചില പുതു രീതികളും കർഷകരും ഗവേഷകരും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഒരുങ്ങാം മഴയെ മണ്ണിലിറക്കാൻ
മഴക്കാലത്തു കനത്ത മഴ ലഭിക്കുകയും അതിന്റെ...
ഉണക്കിനു കരുതൽ മഴക്കാലം
വേനലിൽ ചുട്ടുപൊള്ളുമ്പോൾ ഏതൊരു മലയാളിക്കും... ∙ പ്ലാസ്റ്റിക് പുത
പന്തൽ കൃഷിയിടങ്ങളിൽ, പ്രധാനമായും പാവൽ, പടവലം, പയർ തുടങ്ങിയവ കൃഷി ചെയ്യുന്നിടങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നതു ഫലപ്രദമാണെന്നു കണ്ടുവരുന്നു. കള നിയന്ത്രിക്കാൻ കഴിയുമെന്നതാണു മറ്റൊരു ഗുണം. ഇതു കൂടാതെ വെണ്ട, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നിടങ്ങളിലും ഇതു പരീക്ഷിക്കാവുന്നതാണ്. പ്ലാസ്റ്റിക്കിനിടയിലൂടെ തുള്ളി നന സംവിധാനം ക്രമീകരിക്കാനുമാവും. ഓരോ ചെടിയുടെയും ആവശ്യത്തിന് അനുസരിച്ച് വെള്ളത്തിന്റെ തോതും തവണയും ക്രമീകരിക്കാനും കഴിയും.
∙ സോയിൽ ഇൻജക്ടർ
വലിയ സിറിഞ്ചിൽ വെള്ളം നിറച്ചശേഷം ചെടിയുടെ വേരുപടലത്തിൽ കുത്തിവയ്ക്കുന്ന രീതിയും പുതുതായി അവലംബിക്കുന്നുണ്ട്. ഓരോ ചെടിക്കും ആവശ്യമായ വെള്ളം മാത്രം ഇതിലൂടെ നൽകാനും കഴിയും. ചെടികൾ കരിഞ്ഞുപോകുന്ന അവസ്ഥയുണ്ടായാൽ ജീവൻരക്ഷാ ഉപാധിയായി ഇതു പ്രയോഗിക്കാം.
(കടപ്പാട്: ഡോ. ബിനു ജോൺ സാം, പ്രോഗ്രാം കോഓർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം, ശാന്തൻപാറ, ഇടുക്കി)
കടപ്പാട് : കര്‍ഷകശ്രീ
No comments:
Post a Comment