ഈ മാസത്തെ കൃഷിപ്പണികൾ:-
ഇഞ്ചി
∙ വിത്തിഞ്ചി സംഭരണം
വിത്തിനായി തിരഞ്ഞെടുത്ത ഇഞ്ചി 0.3 ശതമാനം മാങ്കോസെബ് ലായനിയിൽ 30 മിനിട്ട് നേരം മുക്കിവയ്ക്കണം. അതിനുശേഷം വെള്ളം വാർന്നു തണലിൽ ഉണക്കാം. മണലും അറക്കപ്പൊടിയും ഒന്നിടവിട്ട പാളികളായി നിരത്തിയ കുഴികളിൽ ഇഞ്ചി സൂക്ഷിച്ചുവയ്ക്കാം. ഏറ്റവും മുകളിലത്തെ പാളിയിൽ അൽപം വിടവു നൽകി മുകളിൽ ദ്വാരങ്ങളുള്ള പലകയോ മൺ അടപ്പോ തെങ്ങോലയോ ഇട്ട് അടച്ചുസൂക്ഷിക്കാം. വിത്തിഞ്ചി സൂക്ഷിച്ചുവച്ചിരിക്കുന്നതിൽ കീടങ്ങൾ ഉണ്ടോയെന്നും ചീയുന്നുണ്ടോയെന്നും പരിശോധിക്കണം. അങ്ങനെയുള്ളവ ഉണ്ടെങ്കിൽ അവ എടുത്തു കളഞ്ഞശേഷം മുകളിൽ പറഞ്ഞരീതിയിൽ വീണ്ടും സൂക്ഷിച്ചുവയ്ക്കാം.
∙ സംസ്കരണം
ചുക്കാക്കുന്നതിനു വിളവെടുത്ത ഇഞ്ചി നന്നായി കഴുകിയെടുക്കണം. പുറംതൊലി മുളംകീറുകൾ ഉപയോഗിച്ചു ചീകിമാറ്റണം. വെള്ളത്തിൽ ഒരു രാത്രി മുക്കിവച്ചശേഷം പുറത്തെടുത്തു ചീകിയാൽ എളുപ്പത്തിൽ തൊലി പൊളിഞ്ഞുവരും. ചീകിയെടുത്ത ഇഞ്ചിക്കഷണങ്ങൾ ഒരേപോലെ തളങ്ങളിലോ പരമ്പുകളിലോ പോളിത്തീൻ ഷീറ്റുകളിലോ നിരത്തി ഉണക്കിയെടുക്കണം. ഏഴു മുതൽ ഒൻപതുദിവസം വേണം ഉണങ്ങിക്കിട്ടാൻ. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.
മഞ്ഞൾ
∙ വിളവെടുപ്പ്
താമസിച്ചു കൃഷി ആരംഭിച്ചയിടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാം. വിത്തിനു പ്രത്യേകം തിരഞ്ഞെടുത്തവ വിളവെടുപ്പു പൂർത്തിയാക്കിയശേഷം പ്രത്യേകം പറിച്ചെടുക്കാം. ബാക്കിയുള്ളവ അതതിന്റെ പാകം നോക്കി വിളവെടുക്കണം. വിത്ത് മഞ്ഞൾ സംരക്ഷണം ഇഞ്ചിയുടേതുപോലെതന്നെ ചെയ്യാം.
∙ സംസ്കരണം
മികച്ച ഗുണനിലവാരത്തിനായി കടയും പ്രകന്ദങ്ങളും പ്രത്യേകം, പ്രത്യേകം ഉണക്കിയെടുക്കണം. ശുദ്ധജലത്തിൽ പുഴുങ്ങി വെയിലത്തിട്ട് ഉണക്കണം. പരമ്പിലോ സിമന്റിലോ തളങ്ങളിലോ അഞ്ചോ ഏഴോ സെന്റിമീറ്റർ കനത്തിൽ നിരത്തി 10 മുതൽ 15 ദിവസം ഉണക്കണം. ഉണങ്ങിയ മഞ്ഞൾ മെക്കാനിക്കൽ പോളിഷൽ ഉപയോഗിച്ചു പോളിഷ് ചെയ്തെടുക്കാം
കടപ്പാട് :കര്‍ഷകശ്രീ
No comments:
Post a Comment